ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് കഴിഞ്ഞ നവംബർ 2 ന് യുവതിയെ 10 മണിക്കൂർ ആഭിചാരക്രിയക്ക് ഇരയാക്കിയത്.
പൊള്ളലേല്‍പ്പിക്കുകയും, മദ്യം കുടിപ്പിക്കുകയും, ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി വലിപ്പിച്ചതായുമാണ് യുവതിയുടെ പരാതി.
സംഭവത്തിൽ യുവതിയുടെ ജീവിത പങ്കാളിയും, ഇയാളുടെ പിതാവും, മന്ത്രവാദിയും നിലവിൽ അറസ്റ്റിലായിട്ടുണ്ട്.
മന്ത്രവാദി, പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ക്രൂരമായ ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ മുടിയിൽ മന്ത്രവാദി ആണി ചുറ്റി തടിയിൽ തറച്ചു. ഇതോടെ മുടി മുറിഞ്ഞുപോയതായും യുവതി പറയുന്നു.
മദ്യം നൽകി തുടർന്ന് ബീഡി വലിപ്പിക്കുകയും ചെയ്തു. പിന്നീട് ശരീരം പൊള്ളിച്ചതോടെ ബോധരഹിതയായതായും യുവതി പറഞ്ഞു.
മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്.
അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്നും, വീട്ടിൽ വഴക്കുണ്ടാകുന്നത് കാരണം എട്ട് ദുരാത്മാക്കൾ ശരീരത്തിൽ ഉള്ളതുകൊണ്ടാണെന്നും അമ്മ പറഞ്ഞതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്..
കോട്ടയം നാഗമ്പടം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ മൂന്ന് വർഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു. ഇരു വീട്ടുകാർക്കും വിവാഹത്തിന് താൽപര്യക്കുറവില്ലായിരുന്നുവെങ്കിലും മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം ദോഷമുണ്ടെന്ന് പറഞ്ഞ് വിവാഹം നീട്ടി വച്ചു.
എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ യുവതിയെ അഖിൽ കഴിഞ്ഞ സെപ്തംബറിൽ അഖിലിൻ്റെ മണർകാട് നാലു മണിക്കാറ്റിന് സമീപമുള്ള വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് വിവരം.
അടുത്ത ദിവസം വിവാഹം രജിസ്ട്രാർ ചെയ്യാനാരിക്കെയാണ് അമ്മയുടെ സഹോദരിയുടെ അടക്കം എട്ട് ദുരാത്മാക്കൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ടെന്നും, ഇത് മൂലം വഴക്ക് ഉണ്ടാകുന്നതെന്നും പറഞ്ഞ് ആഭിചാരക്രിയ നടത്തിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചത്തിൽ പാട്ട് വച്ച് ശേഷമായിരുന്നു ആഭിചാര ക്രിയ നടത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന അഖിൽ ദാസിന്റെ സഹോദരി പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ യുവതിയുടെ കാലിൽ ചുവന്ന പട്ട് കെട്ടിയിരിക്കുന്നതായും ആഭിചാരക്രിയകൾ നടത്തിയതായും കണ്ടെത്തിയത്.
സ്വന്തം വീട്ടിലെത്തിയപ്പോൾ യുവതിയുടെ മാനസികനിലയിലെ വ്യത്യാസം ശ്രദ്ധിച്ച യുവതിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്.












































































