തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോണ്‍ഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഇനി യുഡിഎഫിൻ്റെ ഭാഗമാകാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ല. എൻഡിഎയില്‍ കൂടുതല്‍ പരിഗണന കിട്ടാനായി വിലപേശല്‍ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
നിലവില്‍ എൻഡിഎ ഉപാധ്യക്ഷനാണ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ. ഇദ്ദേഹത്തിൻ്റെ വിഎസ്‌ഡിപി പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരൻ, ഇങ്ങനെയൊരു ആവശ്യം താൻ മുന്നോട്ട് വച്ചിട്ടില്ലെന്നും അതിനായി ആർക്കും കത്ത് നല്‍കിയിട്ടില്ലെന്നും പറഞ്ഞിരുന്നു. തൻ്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് - യുഡിഎഫ് നേതാക്കള്‍ പ്രതിരോധത്തിലായിരുന്നു.
എന്നാല്‍ തങ്ങള്‍ എൻഡിഎയില്‍ അതൃപ്തരാണെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരിഗണനയുണ്ടെന്നും പറഞ്ഞിരുന്നു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞതുകൊണ്ട് ചാടിപ്പോവുകയാണെന്ന് കരുതരുത്. എൻഡിഎ സമീപനം തിരുത്തണം. അടുത്ത എൻഡിഎ യോഗത്തില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് പോലെ പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാകും. അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. ജനുവരിയില്‍ നിയമസഭ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണവുമായി രംഗത്തിറങ്ങാനാണ് യുഡിഎഫ് നീക്കം. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പറഞ്ഞ വിഡി സതീശൻ, മറ്റ് പാർട്ടികളാരുമായും ചർച്ച നടത്തുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.














































































