ബെംഗളൂരു: ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ബിബിഎംപി മാലിന്യ ട്രക്കിൽ തള്ളിയ കേസിൽ യുവാവ് പിടിയിൽ. അസം സ്വദേശിയായ ഷംസുദ്ദീൻ എന്ന 33 കാരനെയാണ് പോലീസ് പിടികൂടിയത്. കുറ്റകൃത്യം നടന്ന് 20 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോറമംഗലയിലെ എസ്ടി ബെഡ് ലേഔട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ആശ എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിബിഎംപി മാലിന്യ വാഹനത്തിനുള്ളിൽ സംശയാസ്പദമായ ബാഗ് ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
ആശയും ഷംസുദ്ദീനും 18 മാസത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും നാല് മാസം മുമ്പാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. സമീപത്ത് തന്നെയുള്ള ഒരു ഹൗസ് കീപ്പിംഗ് മെറ്റീരിയൽസ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. എന്നാൽ ഈ അടുത്തായി ഇവരുടെ ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു. ആശ മദ്യത്തിന് അടിമയായിരുന്നുവെന്നും, ആശയുടെ പതിവ് ഫോൺ സംഭാഷണങ്ങൾ ഇവർക്കിടയിൽ സംഘർഷത്തിന് കാരണമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.