ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിൽ 51 പേർ മരിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുകയാണ്. ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്.
കൂടാതെ ഹിമാചലിലെ മാണ്ടി, കാംഗ്ര എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 22 ഓളം പേരെ കാണാതായി. ബിയാസ് നദി കരകവിഞ്ഞൊഴുകുന്നത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. നൂറിലധികം ആളുകൾക്കാണ് പരിക്കേറ്റത്. 24ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പൊതുമേഖലയിൽ 253 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ സോൻപ്രയാഗിനടുത്തുണ്ടായ മണ്ണിടിച്ചിൽ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു, തുടർന്ന് കേദാർനാദിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു. ഗൗരികുണ്ഡിൽ നിന്നും മടങ്ങുകയായിരുന്ന തീർത്ഥാടകർ പ്രദേശത്ത് കുടുങ്ങിയിരുന്നെങ്കിലും സംസ്ഥാന ദുരന്തനിവാരണ സേന ഇവരെ രക്ഷപ്പെടുത്തി.
ഹരിദ്വാർ, രുദ്ര പ്രയാഗ്, ഉത്തരകാശി തുടങ്ങി വിവിധ ഇടങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ അജ്മീർ ഉൾപ്പെടെ പ്രധാന ഇടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായി. വരും മണിക്കൂറുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.