കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്‍റെ സുഹൃത്തും സഹായിയുമായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെൻഅനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയല്‍ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാല്‍ ബെൻഅനൂജ് പട്ടേല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങള്‍ ചോർത്തിയെടുത്ത് ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാംപ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെ കഴിഞ്ഞമാസം അവസാനം പിടികൂടിയിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഹാക്കിങില്‍ ജോയലിന്‍റെ സഹായിയായി പ്രവർത്തിച്ച രണ്ടാംപ്രതി അഹമ്മദാബാദില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.














































































