ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13,450 കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തില്ല. ഉദ്ഘാടന ചടങ്ങിനെ കുറിച്ച് വിവരം ലഭിച്ചത് വൈകിയാണെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകളും സാമ്പത്തിക ശാസ്ത്രജ്ഞയുമായ അനിത ബോസ് പറഞ്ഞു. എന്നാല്‍, പരിപാടി ബഹിഷ്കരിക്കുകയാണെന്ന് പറയുന്നത് തെറ്റാണെന്നും അവര്‍ പറഞ്ഞു. 280 മെട്രിക് ടണ്ണാണ് പ്രതിമയുടെ ഭാരം. തെലുങ്കാനയില്‍ നിന്നാണ് പ്രതിമ നിര്‍മ്മാണത്തിനായി ഗ്രാനേറ്റ് കൊണ്ടു വന്നത്. 26,000 മണിക്കൂറുകള്‍ നിര്‍മ്മാണത്തിനായി ശില്പികള് ചെലവിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഏഴുമണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ 1,500 പേര് പങ്കെടുത്തു. സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം ഡ്രോണ്‍ ഷോയായി അവതരിപ്പിച്ചു. രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റി. ഈ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതല്‍ കര്‍ത്തവ്യപഥ് പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്നതാണ് പദ്ധതി.