ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും അന്ന് നടക്കും. ആഗസ്റ്റ് 21നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 22ന് സൂക്ഷ്മ പരിശോധന നടക്കും.
പാർലമെന്റിൻ്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്.
ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻകറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ് ഉപരാഷ്ട്രപതിമാർ. ജൂലൈ 21നായിരുന്നു ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ധൻകറിൻ്റെ രാജി.