സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പ് തൃശൂരിൽ ജനുവരി 14 മുതൽ 18 വരെ നടക്കും. കലോത്സവത്തിന് മുന്നോടിയായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഷെഡ്യൂൾ പ്രകാശനം ചെയ്തു.
പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 14- ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 18-ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മലയാളത്തിന്റെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ പങ്കെടുക്കും.















































































