കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ വൻ അഴിമതി. തൊണ്ടർനാട് പഞ്ചായത്തില്‍ ആണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടര കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമാണ് വെട്ടിപ്പ് നടത്തിയത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അഴിമതി നടന്നത്. സംഭവത്തിൽ കരാർ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ പഞ്ചായത്ത് സസ്പെന്‍റ് ചെയ്തു. മുൻ വർഷങ്ങളിലെ ചെലവുകളും പരിശോധിച്ചുവരുകയാണ്. കോഴിക്കൂട് വിതരണം, കിണര്‍ നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കാൻ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പഞ്ചായത്ത് ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് വിവിധ പദ്ധതികളുടെ പേരിലും ഇല്ലാത്ത പദ്ധതികളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടത്തിയത്.
രണ്ട് ഉദ്യോഗസ്ഥർ ചേർന്നാണ് അഴിമതി നടത്തിയതെന്നാണ് തൊണ്ടർനാട് പഞ്ചായത്ത് പറയുന്നത്. ഭരണസമിതിക്ക് ഒരു പങ്കുമില്ലെന്നും ഭരണസമിതി വ്യക്തമാക്കി. എന്നാൽ, പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ ഇത്രയും വലിയ അഴിമതി നടത്താൻ സാധിക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാര്‍ ഒളിവിൽ പോയി. ഒരു ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇഡി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.