ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പിടവൂർ സ്വദേശി സജീവ് തെങ്കാശിയിൽ പിടിയിലായി. ജനുവരി 11നാണ് പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനെത്തിയ യുവാവ് പൊലീസ് ജീപ്പ് ഇടിച്ചു തകർത്തത്. സംഭവത്തിൽ 3 ഉദ്യോഗസ്‌ഥർക്കു പരുക്കേറ്റിരുന്നു. തെങ്കാശിയിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ സജീവനെ പത്തനാപുരം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
പിതൃസഹോദര പുത്രനായ ക്ഷേത്രം പ്രസിഡൻ്റ് ഉണ്ണിയുമായി (കിള്ളു) കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സജീവ് തന്റെ ജീപ്പിൽ നായയുമായി ക്ഷേത്രത്തിൽ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഉണ്ണിയുമായി തർക്കം ഉണ്ടായതോടെ അവിടെ ഉണ്ടായിരുന്നവരും പൊലീസും ചേർന്ന് സജീവിനെ മടക്കി അയച്ചു.
എന്നാൽ, കുറച്ചു കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഉണ്ണിയുടെ 2 വാഹനങ്ങൾ തകർത്ത സജീവ്, തന്റെ ജീപ്പ് എടുത്തു പോകാൻ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ജീപ്പുമായി പോകാൻ മറ്റു വഴിയില്ലായിരുന്ന സജീവ്, തന്റെ ജീപ്പ് ഓടിച്ച് പൊലീസ് ജീപ്പിൽ ഇടിക്കുകയും പിന്നിലേക്കു തള്ളി മാറ്റുകയുമായിരുന്നു. പൊലീസ് ജീപ്പിൻ്റെ ഒരു വശം പൂർണമായി തകർന്നു. വാഹനവുമായി കടന്ന സജീവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.














































































