കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് തള്ളിയത്.
നേരത്തേ സെഷൻസ് കോടതി ഇവരുടെ ജാമ്യഹർജി തള്ളിയിരുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വർണപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശിപാർശ നല്‍കി എന്നതാണ് എൻ. വാസുവിനെതിരായ കേസ്.
സ്വർണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപ്പാളികള്‍ മാറ്റിയ കേസില്‍ രണ്ടാം പ്രതിയും ശ്രീകോവില്‍ കട്ടിളപ്പാളി കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.
ഏഴാം പ്രതിയാണ് കെ.എസ്.ബൈജു. 2019ല്‍ മഹസർ തയാറാക്കുന്ന സമയത്തും പാളികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കല്‍ കൊടുത്തു വിട്ട സമയത്തും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ.















































































