കോട്ടയം :സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-മത് ഐ എഫ് എഫ് കെ യോടാനുബന്ധിച്ചു ടൂറിംഗ് ടാക്കിസ് വിളമ്പര ജാഥക്ക് കോട്ടയത്ത് വരവേൽപ്പ് നൽകി .
ഇന്ന് (5/12/24)ഉച്ചക്ക് ബസേലിയസ് കോളേജ് തിയേറ്ററിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം ഏൽ എ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ 'നൻ പകൽ നേരത്ത് മയക്കം 'പ്രദർശിപ്പിച്ചു കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊ. ഡോ. ജ്യോതിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ പ്രദീപ് നായർ, ചലച്ചിത്ര നടൻ ഹരിലാൽ, അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, കോട്ടയം ഫിലിം സൊസൈറ്റി ട്രഷറർ സജി കോട്ടയം, റീജിയണൽ കോ കോർഡിനേറ്റർ ഷാജി അമ്പാട്ട് എന്നിവർ പങ്കെടുത്തു .ഡോ തോമസ് കുരുവിള സ്വാഗതവും ഡോ. നിബുലാൽ നെട്ടൂർ നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം 6ന് വിജയപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മണർകാട് പഞ്ചായത്ത് ഹാളിൽ വരവേൽപ് നൽകും.
6ന് രാവിലെ 10ന് തിരുവാർപ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അജയൻ. കെ മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സിനിമ പ്രദർശനം ഉദ്‌ഘാടനം ചെയ്യും. കലാരത്ന ആര്ടിസ്റ്റ് സുജാതൻ പങ്കെടുക്കും.
അന്ന് വൈകുന്നേരം 6ന് കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ടൂറിംഗ് ടാക്കിസ് പ്രദർശനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കുമരകം സാംസ്‌കാരിക നിലയത്തിൽ സിനിമ പ്രദർശനം നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു,ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, റീജിയണൽ കോ കോർഡിനേറ്റർ ഷാജി അമ്പാട്ട് എന്നിവർ പങ്കെടുക്കും.
നവംബർ 27ന് കയ്യൂരിൽ നിന്ന് ആരംഭിച്ച ടൂറിംഗ് ടാക്കിസ് വിളമ്പര ജാഥയിൽ 'എബൌട്ട് എ ല്ലി, ജപ്പാനീസ് വൈഫ്, വാദ്ജ്ദ, ക്ലാഷ്, ക്ലാര സോള, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ഈ മാസം 10ന് തിരുവനന്തപുരത്ത് ടൂറിംഗ് ടാക്കിസ് വിളമ്പര ജാഥ സമാപിക്കും.
വിളമ്പര ജാഥക്ക് കോട്ടയത്ത് വേദിയൊരുക്കുന്നത് കോട്ടയം ഫിലിം സൊസൈറ്റിയാണ്.