ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകി. മരണത്തിൽ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കേസിൽ തെളിവാകുന്ന രേഖകളും സമർപ്പിച്ചു.
പൊലീസിൽ നിന്നും നല്ല പിന്തുണ ലഭിച്ചെന്ന് സഹോദരീ ഭർത്താവ് ഗോകുൽ പറഞ്ഞു. പോസ്റ്റ്‍മോര്‍ട്ടം റിപ്പോട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്.
സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. 10 വയസുള്ള മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾ ഒപ്പം നാട്ടിലാണ്. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. കേസ് നടന്നത് യുഎഇയിലായതിനാല്‍ നിലവില്‍ യുഎഇയിലെ നിയമ നടപടികളാണ് കേസില്‍ പ്രധാനം.