കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്.
2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമായിരുന്നു വേടന്റെ മറുവാദം. വേടനെതിരെ അടുത്തിടെ ഗവേഷണ വിദ്യാര്‍ത്ഥിയും ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.