പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ കർക്കടക വാവ് ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചു. മഴയും പ്രതികൂലകാലവസ്ഥയും അവഗണിച്ച് നൂറുകണക്കിന ഭക്തർ പുലർച്ചെ തന്നെ ബലിതർപ്പണം നടത്തി. പുണ്യനദിയായ പെരിയാറിന്റെ തീരത്തെ ആലുവ അദ്വൈതാശ്രമം, ആലുവ മഹാദേവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ പുരോഗമിക്കുകയാണ്.
ആലുവ അദ്വൈതാശ്രമത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് മഴ നനയാതെ ബലിതർപ്പണം നടത്തുന്നതിന് നാലു പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം 750 പേർക്ക് ബലികർമ്മം ചെയ്യാൻ സൗകര്യമുള്ളതുകൊണ്ട് തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് പ്രഭാതഭക്ഷണവും ആശ്രമത്തിൽ ഒരുക്കിയിട്ടുണ്ട്.