കൊല്ലം : കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട 6 വയസ്സുകാരി അഭിഗേലിനും സഹോദരൻ ജോനാഥനും കേരള പോലീസിന്റെ സ്നേഹാദരവ്. പ്രായത്തിൽ കവിഞ്ഞ ചെറുത്തുനിൽപ്പ് കൊണ്ട് ഏവർക്കും മാതൃകയായതിനാണ് കുട്ടികളെ ആദരിച്ചത്. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു അഭിഗേലിനും സഹോദരനും സ്നേഹാദരവ് ഒരുക്കിയത്.
അഭിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടികൂടിയിട്ടുള്ള മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളത്. പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യ അനിത, മകൾ അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടകുളങ്ങര വനിത ജയിലിലേക്കും മാറ്റും.
സംഭവം നടന്ന അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കൂടാതെ തട്ടിക്കൊണ്ടു പോകൽ കുറ്റവും ചുമത്തിയിട്ടുണ്ട്. കടബാധ്യത തീർക്കാനായുള്ള പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.