ശബരിമല വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പഴയ കൊടിമരത്തിലെ വാജിവാഹനം വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ സമീപിച്ച് ഒക്ടോബർ 11 ന് കത്ത് നല്‍കി.
അതിനിടെ ശബരിമല സ്വർണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും ബംഗളൂരു സ്വദേശിയുമായ കല്‍പേഷിനെയും ഹൈദരാബാദില്‍ സ്വർണം വേർതിരിച്ചെടുത്ത സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെയും പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതായി ചില സ്ഥിരീകരിക്കാത്ത റിപോർട്ടുകള്‍ വരുന്നുണ്ട് . കൂടാതെ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പറയപ്പെടുന്നു . മുരാരി ബാബു ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ഇയാളെ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. തുടർന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം പോറ്റി സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തിയിരുന്നു. കുറെ രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു . പിന്നാലെ എട്ടു മണിക്കൂറിലധികം നടത്തിയ പരിശോധനയില്‍ പുളിമാത്തിലെ വീട്ടില്‍ നിന്ന് നിർണായക രേഖകളുള്ള ഹാർഡ് ഡിസ്‌കും സ്വർണവും പണവും കണ്ടെത്തി. ഇതില്‍ മുരാരി ബാബുവിനെതിരെയുള്ള തെളിവുകളും ഉള്‍പ്പെടുന്നു .
സ്വർണപ്പാളികേസിലും കട്ടിളക്കേസിലുമായി 18 പ്രതികളുണ്ട്. ബുധനാഴ്ച ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കും. ശബരിമലയിലെ സ്വർണം തട്ടിയെടുത്തതിലൂടെയും സ്‌പോണ്‍സർഷിപ്പിലൂടെയും സ്വായത്തമാക്കിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശയ്‌ക്ക് നല്‍കിയതായും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബംഗളൂരുവിലും ഭൂമി ഇടപാട് നടത്തിയെന്നാണ് സൂചന. പണം നല്‍കിയതിനു പകരം ഈടായി വാങ്ങിയ ആധാരങ്ങള്‍ ഉള്‍പ്പെടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എസ്.ഐ.ടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. മൂന്നു വർഷത്തിനിടയില്‍ ഏകദേശം 20 കോടിയലധികം രൂപയുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ബന്ധുക്കളുടെ പേരിലും ഭൂമി എഴുതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് വിവരം.