പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. 'ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള പങ്ക്' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കവേയായിരുന്നു ശേഖര്‍ യാദവിന്റെ പ്രതികരണം.
'രക്ഷിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് സമ്മർദ്ദം നൽകരുത്. നിങ്ങള്‍ ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നിങ്ങനെ മക്കളോട് പറയരുത്. അവര്‍ക്ക് ആഗ്രഹമുള്ള ദിശയിലേക്ക് അവര്‍ കരിയര്‍ സൃഷ്ടിക്കട്ടേ. നിങ്ങളുടെ മക്കള്‍ ചിലപ്പോള്‍ ശരാശരിയില്‍ പഠിക്കുന്നവരായിരിക്കും, പക്ഷേ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഒരുപാട് പേര്‍ കുട്ടികളില്ലാതെ ജീവിക്കുന്നു. ഇതിനിടയില്‍ നിങ്ങള്‍ക്ക് കുട്ടികളെ നല്‍കിയ ദൈവത്തോട് നന്ദി പറയൂ', ശേഖര്‍ യാദവ് പറഞ്ഞു.
കുട്ടികളെ അവര്‍ മറ്റുള്ളവരില്‍ നിന്ന് താഴ്ന്നവരോ ദുര്‍ബലരോ ആണെന്ന ചിന്ത ഒരിക്കലും ഉണ്ടാക്കരുതെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ കുട്ടികളുടെ മനോവീര്യം തകര്‍ത്താല്‍ അത് വിഷാദത്തിലും പിന്നാലെ ആത്മഹത്യയിലേക്കും നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ അഭാവമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ നിരവധി സ്ഥാപനങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നുണ്ടെന്നും പരിപാടിയുടെ മുഖ്യാതിഥി പ്രയാഗ്‌രാജിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.