തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിയെ സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി. വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടിയെ ടി സി തന്ന് പറഞ്ഞു വിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി. വൈകി വന്നാൽ വെയിലത്ത് ഓടിക്കുമെന്ന് പറഞ്ഞു. മാനേജ്മെന്റിന്റെ സ്കൂൾ ബസ് വൈകിയെത്തിയാലും കുഴപ്പമില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
വിഷയത്തിൽ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തി. രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കം രൂക്ഷമായി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം രക്ഷിതാക്കൾ പ്രകടിപ്പിച്ചു.
കുട്ടികൾ ഡിസിപ്ലിൻ പാലിക്കനായി കുറച്ച് കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. മഴയും വെയിലുമാണെങ്കിൽ അവർ ഓടാറുമില്ലെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ജോഗിംഗ് ആണ് കുട്ടികൾ ചെയ്യുന്നത് അവർ സന്തോഷത്തോടയാണ് ചെയ്യുന്നത്. കുട്ടികൾ റൂൾസ് ഫോളോ ചെയ്യുന്നില്ല, അതിനാൽ ടിസി നൽകുമെന്ന് പ്രിസിപ്പലാണ് പറഞ്ഞത്.
തൃക്കാക്കര പൊലീസിൽ കുട്ടിയുടെ പിതാവ് റിയാസ് പരാതി നൽകി. സ്കൂൾ മാനേജ്മെന്റിനും പരാതി നൽകി. പരാതി ലഭിച്ചാൽ പിടിഎ ചേർന്ന് തീരുമാനം എടുക്കാമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിലുറച്ച് രക്ഷിതാക്കൾ രംഗത്തെത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. സ്കൂൾ അധികൃതരോട് വിശദീകരണം തേടുന്നു.