കോട്ടയം: തവണക്കടവ് - വൈക്കം ജലപാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജ്ജവത്കരിക്കുന്നതിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച(ഫെബ്രുവരി 20)നടക്കും. വൈകീട്ട് നാലിന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, ദലീമ ജോജോഎം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
പുതിയ ബോട്ട് വരുന്നതോടെ നാലു സോളർ ബോട്ടുകൾ വൈക്കത്ത് സർവീസ് നടത്തും. 2017 ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ 'ആദിത്യ' വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകൾ അനുവദിച്ചത്.
സോളാർ ബോട്ടുകൾക്ക് അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാതെ സർവീസ് നടത്താനാകും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവുമില്ല. പരമ്പരാഗത സർവിസിനെ അപേക്ഷിച്ച് കുലുക്കവും അറ്റകുറ്റപ്പണികളും കുറവാണ്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, നഗരസഭാ അധ്യക്ഷൻ അബ്ദുൾ സലാം റാവുത്തർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു അജി, ലിജി സലഞ്ച രാജ്, മിനി അഗസ്റ്റിൻ, കെ.ജി. രാജു, എസ്. ബിജു, ജോസ് വി. ജേക്കബ്, സാജിത യൂസഫ്, ആരതി വിനയൻ, കെ.ജെ. സണ്ണി, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, വിജയമ്മ ബാബു, വൈക്കം നഗരസഭാംഗം റജിമോൾ പ്രദീപ്, സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.














































































