തിരുവനന്തപുരം: ചോദിക്കുമ്പോഴൊക്കെ പണം തരാൻ കേന്ദ്രസർക്കാർ സഹകരണബാങ്കല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
സി.പി.എം പിന്തുണയോടെ യു.പി.എ കേന്ദ്രം ഭരിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് വെറും 72000 കോടി രൂപയാണ്. അന്ന് ആരും സമരം ചെയ്തില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നല്‍കിയത് 3.2ലക്ഷം കോടിയാണ്. അപ്പോഴാണ് സമരവുമായി വരുന്നത്.
കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാത്തതിന് സമരം നടത്തുകയല്ല, കൃത്യമായ കണക്കുകള്‍ കൊടുക്കുകയും കാര്യക്ഷമമായി ഭരിക്കുകയുമാണ് വേണ്ടത്. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രപദ്ധതി തുകയും വായ്പാനുമതിയും നല്‍കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി നടത്തിയ സത്യഗ്രഹത്തിനെതിരെ വാർത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ സർക്കാർ 10വർഷം മുമ്പ് അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 1.4ലക്ഷം കോടിയായിരുന്നു. ഇപ്പോള്‍ 5ലക്ഷം കോടിയായി. കടവും കേന്ദ്രസഹായവും ചേർത്ത് 7ലക്ഷം കോടി കിട്ടി. തനത് വരുമാനവും ചേർക്കുമ്പോള്‍ അത് 10ലക്ഷം കോടിയിലേറെയാകും. എന്നിട്ട് ജനങ്ങള്‍ക്ക് നല്‍കിയതാകട്ടെ രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ- 30%.വിലക്കയറ്റത്തിലാകട്ടെ രാജ്യത്ത് ഒന്നാമത്. 52ലക്ഷം പേർക്ക് കുടിവെള്ളം കിട്ടുന്നില്ല.5.5ലക്ഷം പേർക്ക് വീടില്ല. 45000പേർ കുടിലിലാണ് കഴിയുന്നത്. രണ്ടുതവണ ജനങ്ങള്‍ അവസരം നല്‍കിയിട്ടും ഒന്നും ചെയ്തില്ല.
സംസ്ഥാനത്തെ നശിപ്പിച്ച 10 വർഷമാണ് കടന്നുപോകുന്നത്. കടം മൂന്നിരട്ടിയായി കൂടിയപ്പോള്‍ ജി.എസ്.ഡി.പി വർദ്ധിച്ചത് രണ്ടിരട്ടിമാത്രം. ചെലവിന്റെ 92%ഉം റവന്യുചെലവിനും വായ്പയുടെ പലിശയ്ക്കുമാണ്. വികസനത്തിനുള്ള മൂലധനച്ചെലവ് 8% മാത്രം. കടമെടുത്ത് വികസനം നടപ്പാക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ കടമെടുത്തുപോയാല്‍ ആര് മടക്കിക്കൊടുക്കും. അത് ജനങ്ങള്‍ക്ക് ബാദ്ധ്യതയാകില്ലേ. ഭാവി തലമുറയല്ലേ കടക്കെണിയിലാകുക. ഇത് കെടുകാര്യസ്ഥതയാണ്.
നിങ്ങള്‍ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാൻ അർഹതയില്ല. ഉുളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണം" എന്നാണ് 2015ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് പിണറായി വിജയൻ പറഞ്ഞത്. അത് ഇപ്പോള്‍ ചേരുക പിണറായി വിജയനാണ്.
സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും നുണകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നുണകളുടെ കൊട്ടാരം വസ്തുതകള്‍ കൊണ്ട് ബി.ജെ.പി.പൊളിക്കും. അതിനാണ് സംവാദത്തിന് വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നാലു മാസം മുമ്പേ നടക്കേണ്ടതായിരുന്നു. രാഹുലിനെ രക്ഷിക്കാൻ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ അന്തർധാരയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















































































