സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും വിവാദം പ്രതിസന്ധിയിലാക്കി. സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല.
കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോർഡുകളിലാണ്. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലിൽ എണ്ണാവുന്നവർ മാത്രം.
സർവീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ശാന്തിക്കാർ ഉൾപ്പെടെ ക്ഷേത്രജീവനക്കാർ രണ്ടാംകിട പൗരന്മാരാണ്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്‌ഠവരെ പൊളിച്ചു കടത്തിയേനെ എന്നും അദ്ദേഹം വിമർശിച്ചു. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർത്ഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രൊഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും അദ്ദേഹം പറഞ്ഞു.












































































