പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ഓച്ചിറ പൊലീസ് ശ്രമിച്ചെന്നാണ് വിദ്യാർഥിയുടെ ആരോപണം. വിസമ്മതിച്ചപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിമൂന്നിന് വിദ്യാർഥി ഉൾപ്പെടെ നാലുപേരെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇവർക്കെതിരെ നൽകിയ പരാതി ഒത്തുതീർക്കാൻ പൊലീസ് ഇടപെട്ടുവെന്നാണ് ആരോപണം.
