രാഹുൽ ഗാന്ധി സമർത്ഥനായ രാഷ്ട്രീയക്കാരനായി വളർന്നുവരികയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ പക്വത പ്രകടിപ്പിക്കുന്നു, വൈകാരിക വിഷയങ്ങൾ ഏറ്റെടുക്കുന്നു, ബിജെപിയെയും പ്രധാനമന്ത്രി മോദിയേയും നേരിട്ട് വെല്ലുവിളിക്കുന്നുവെന്നും ഡി. രാജ പറഞ്ഞു. സിപിഐയുടെ അമരക്കാരനായി മൂന്നാമതും തെരഞ്ഞെടുത്തതിന് പിന്നാലെ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡീഗഡിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ഡി. രാജയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അടുത്തിടെ രാഹുൽ ഗാന്ധി ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു.
അവിടെ വോട്ട് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. മഹാരാഷ്ട്രയിലേയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുകാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ പാർട്ടികളെയും ദേശീയതലത്തിൽ നയിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇൻഡ്യ' സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം വളരെ സജീവമാണെന്നും പ്രധാന വിഷയങ്ങൾ ഏറ്റെടുക്കുന്നുവെന്നും ഡി രാജ മറുപടി പറഞ്ഞു.