കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നു. കാസർഗോഡ് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം തുടരുന്നു.
ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ഇന്നലെ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്.
ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
ടോൾ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തിൽ നിലപാട് എടുത്തു.സത്യാഗ്രഹ സമരം തുടരുമെന്ന് എ കെ എം അഷ്‌റഫ് എംഎൽഎ വ്യക്തമാക്കി.
യോഗ തീരുമാനങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി.
500 പേർക്കെതിരെ കേസെടുത്ത് പൊലീസ്
കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു.
നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കുമ്പള പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിന് പേരാണ് ഇന്നലെ രാത്രിയിൽ ടോൾ പ്ലാസയിലേക്ക് എത്തിയത്.















































































