അഗത്തിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാർ ക്ക് വിമാന കമ്പനിയുടെ ഇരുട്ടടി. ഇന്ന് രാവിലെ 11.30 ന് എത്തിയ അലയൻസ് എയർ വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ വെട്ടിലായത്. വിമാനത്തിൽ നിന്നും ഇറങ്ങി ടെർമിനലിൽ എത്തിയ ശേഷമാണ് അഗത്തിയിൽ നിന്നും ഇവരുടെ ലഗേജുകൾ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
ലക്ഷദ്വീപിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയവരും ലക്ഷദ്വീപിൽ നിന്നും ചികിൽസയ്ക്കും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും മറ്റുമായി എത്തിയവരും അടക്കം 50 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ വസ്ത്രങ്ങളും ആശുപത്രി രേഖകളും അടക്കം ലഗേജിലാണെന്ന് യാത്രക്കാർ പറഞ്ഞു.
ലഗേജ് എപ്പോൾ ലഭിക്കുമെന്ന് പറയാൻ വിമാനത്താവളത്തിൽ വിമാനകമ്പനിയുടെ ഉത്തരവാദിത്വമുള്ള ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു. പിന്നീട് പ്രോപ്പർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട് (പി.ഐ.ആർ) ഫോം പൂരിപ്പിച്ച് നൽകി ഇവർ വിമാനത്താവളത്തിൽ നിന്നും മടങ്ങുകയായിരുന്നു.
ലഗേജുകൾ എത്തിച്ച ശേഷം വിവരം അറിയിക്കാമെന്നും അപ്പോൾ വിമാനത്താവളത്തിലെത്തി കൈപ്പറ്റണമെന്നുമാണ് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇവരോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ വിമാന കമ്പനിയുടെ തികഞ്ഞ അനാസ്ഥയാണ് വ്യക്തമാകുന്നതെന്നും യാത്രക്കാർ പറഞ്ഞു.