ഇടുക്കി: വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക ക്രമക്കേടുകൾ അക്കമിട്ട് നിരത്തി ധനകാര്യ പരിശോധന വിഭാഗത്തിൻറെ റിപ്പോർട്ട്. വനംമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധന സംഘം റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചു. പെരിയാർ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാര ഉപാധികളിൽ നിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപ പാർക്ക് വെൽഫെയർ ഫണ്ടിലേക്ക് മാറ്റി ചെലവഴിക്കുന്നത് സർക്കാർ അനുമതിയില്ലാതെയാണെന്നാണ് സംഘത്തിൻറെ പ്രധാന കണ്ടെത്തൽ.
2004 ലാണ് പാർക്ക് വെൽഫെയർ ഫണ്ട് രൂപീകരിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ഉത്തരവ് മാത്രമാണ് ഇതിനുള്ളത്. 20 വർഷം കഴിഞ്ഞിട്ടും സർക്കാർ അനുമതി വാങ്ങാത്തത് ഗുരുതര വീഴ്ചയാണ്. ഈ തുക ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതും ചെലവുകൾ നടത്തുന്നതും അനുവദനീയമല്ലെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും പരിശോധന റിപ്പോർട്ടിലുണ്ട്. ഈസ്റ്റ് ഡിവിഷനിലെ ഫയലുകൾ പരിശോധിച്ചതിൽ ശരിയായ പരിശോധന ഇല്ലാതെയും സാങ്കേതിക ഉപദേശം സ്വീകരിക്കാതെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതായി സംഘം കണ്ടെത്തി.
ക്വട്ടേഷൻ നോട്ടീസുകൾ പ്രദർശിപ്പിക്കാത്തതും വിഭജിച്ച് വാങ്ങൽ നടത്തുന്നതും സ്റ്റോർ പർച്ചേസ് നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്. വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്നതു പോലെയുള്ള പ്രവർത്തികളിൽ പോലും വിദഗ്ദ്ധ ഉപദേശം തേടാറില്ല. വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ ഉദ്യോഗസ്ഥർക്ക് അഡ്വാൻസായി നൽകിയ ദശലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് കേരള ഫിനാൻഷ്യൽ കോഡിൻറെ ലംഘനമാണ്. ഇവരിൽ നിന്നും പലിശയടക്കം തുക തിരികെ പിടിക്കണമെന്നും റിപ്പോർട്ടിലുണ്ട്.