കൊച്ചി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇനി ഒരു ചര്‍ച്ചയ്ക്കില്ല. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ പ്രോസിക്യൂഷന് കത്ത് നല്‍കി. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.
ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.