കണ്ണൂർ ആലക്കോട് പൊലീസ് സ്‌റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളില്‍ പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ജിനീഷ് എന്ന ഷായല്‍ (39) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടില്‍ പാചകതൊഴിലാളിയായി ജോലി ചെയ്തുവരവേയാണ് പിടിയിലാകുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ വി ഡി റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ടതോടെ ഹൗസ് ബോട്ടിന്റെ പിൻഭാഗത്തുകൂടി കായലില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനീഷിനെ പോലീസും പിന്നാലെ ചാടി പിടികൂടുകയായിരുന്നു.














































































