കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.പെരുമ്പാവൂർ കോടതി നടപടിക്കെതിരായ സർക്കാർ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സർക്കാരിൻ്റെ പരിഗണനയിലുണ്ടായിരുന്നത്. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നും, പണക്കാരനെന്നോ പാവപെട്ടവനെന്നോ ഉള്ള വേർതിരിവോ, സമൂഹത്തിലെ പദവിയോ മാനദണ്ഡം ആവരുതെന്നും കോടതി നിരീക്ഷിച്ചു. മോഹൻലാൽ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
