തിരുവനന്തപുരം: 61-ാം സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. മാസ്കിന് പുറമേ എല്ലാവരും കയ്യിൽ സാനിറ്റൈസർ കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യദിനം 23 ഇനങ്ങളിൽ മത്സരം നടക്കും. ആദ്യദിവസം എല്ലാ വേദികളിലും രാവിലെ 11നും, മറ്റുള്ള ദിവസങ്ങളിൽ രാവിലെ 9 മണിക്കും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
