കോഴിക്കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ ചെയ്തെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആദിവാസി ആണെന്നറിഞ്ഞ് ബോധപൂർവം ചോദ്യംചെയ്തു. വിശ്വനാഥൻ ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്താണ് മരിച്ചനിലയിൽ കണ്ടത്.

അന്വേഷണം ശരിയായ
ദിശയിൽ അല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും
ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്ന് കുടുംബം പറഞ്ഞു. എസ്.സി, എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ
കമ്മീഷൻ പൊലീസിന് നിർദേശം നൽകി. പിന്നാലെയാണ് പട്ടികജാതി - പട്ടികവർഗ പീഡന നിരോധന
വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറിൽ മാറ്റംവരുത്തിയത്. പ്രത്യേക സംഘമാണ് ഇപ്പോൾ കേസ്
അന്വേഷിക്കുന്നത്.