അമിതവേഗതയിൽ വളവിൽ ഓവർടേക്കിംങിന് ശ്രമിച്ച കാർ, ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ദേശീയപാത 183 -ൽ കോട്ടയം മണർകാട് ഐരാറ്റുനടയിൽ ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. മണർകാട് സ്വദേശി കൈതമറ്റം മൂന്നുപ്ലാക്കൽ ദീപു, സുഹൃത്ത് മാവേലിക്കര സ്വദേശി രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന നാനോ കാറാണ് ഐരാറ്റുനട വളവിൽ വച്ച് ഓവർ ടേക്കിംങിനിടെ എതിർദിശയിൽ മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചത്. തുടർന്ന് ഉയർന്ന് തെറിച്ച് വീണ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ യാത്രക്കാരും, നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ഏറെ നേരം ഗതാഗത കുരുക്കും റോഡിലുണ്ടായി. മണർകാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. റോഡിൻ്റെ ഈ ഭാഗത്ത് വലിയ ഉയരത്തിൽ പുല്ല് വളർന്ന് നിൽക്കുന്നതും ഡ്രൈവർമാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.














































































