അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭർതൃ വീട്ടുകാർ. ഇതേതുടർന്ന് തൃശ്ശൂരിൽ യുവതിയുടെ സംസ്കാര കർമ്മങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ സംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺ മക്കളെ മൃതദേഹം കാണിക്കാൻ കൊണ്ടു വരില്ലെന്ന് ഭർതൃ വീട്ടുകാർ നിലപാടെടുത്തതാണ് കാരണം. പത്തും നാലും വയസുള്ള കുട്ടികളാണ് ആശയുടേത്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് കുന്നിക്കുരു കഴിച്ച് ആശ ജീവനൊടുക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു. സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. 12 വർഷമായി സന്തോഷും ആശയും തമ്മിൽ വിവാഹിതരായിട്ട്. മരണാനന്തര ചടങ്ങുകൾക്ക് മക്കളെ വിടാതെ സന്തോഷിന്റെ ബന്ധുക്കളാണ് തടഞ്ഞുവെച്ചിരിക്കുന്നത്.ഭർതൃ വീട്ടിലെ പീഡനം മൂലമാണ് ആശ ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. ആശയുടെ കുടുംബം തൃശൂർ നാട്ടിക സ്വദേശിയായ ഭർത്താവ് സന്തോഷിന്റെ വീട്ടുകാരോട് കേണപേക്ഷിച്ചിട്ടും മക്കളെ വിടുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.















































































