അജ്മാൻ: പൊതുമേഖലയിലെ ജീവനക്കാർക്കായുള്ള വേനൽക്കാല ജോലി നയം
പ്രഖ്യാപിച്ച് അജ്‌മാൻ. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളിൽ വർക്ക്
ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും.
സെപ്റ്റംബർ 12 വരെ ഇത് തുടരുമെന്നും അധികൃതർ
അറിയിച്ചു. വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനമായിരിക്കും.
കൂടാതെ പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം ഒരു മണിക്കൂർ കുറച്ചിട്ടുണ്ട്. തിങ്കൾ മുതൽ
വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും ജോലി സമയം.
പൊതുജനങ്ങൾക്കുള്ള
സേവനങ്ങൾക്ക് തടസ്സം വരാതെയിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടപ്പാക്കാൻ
സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അജ്മാനിൽ വേനൽക്കാല മാസങ്ങളിൽ ഈ ജോലി
നയമായിരിക്കും നിലവിൽ ഉണ്ടാകുക. സർക്കാർ ജീവനക്കാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം
ലക്ഷ്യമിട്ടുള്ള ഈ തീരുമാനത്തിന് അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമാർ ബിൻ ഹുമൈദ് അൽ
നുഐമിയുടെ അധ്യക്ഷതയിൽ ചേർന്ന അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് അംഗീകാരം
നൽകിയത്.