ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായി. വയനാട് ആണ് സംഭവം. മറ്റൊരു ഡ്രൈവർ വണ്ടി മാറി എടുത്തതാണ് മണിക്കൂറുകളുടെ പരിഭ്രാന്തി ഉണ്ടാക്കിയത്. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി ബസാണ് വയനാട് പാടിച്ചിറയിൽ വെച്ച് വൈകിട്ടോടെ കാണാതായത്. ഡ്രൈവറും കണ്ടക്‌ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബത്തേരി ഡിപ്പോയിലെ ഒരു ഡ്രൈവർ ബസ് മാറി എടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോർഡ് വെക്കാതെ പോയതാണ് പെട്ടെന്ന് ബസ് തിരിച്ചറിയാതിരിക്കാൻ കാരണമായത്. ബസ് കാണാതായെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബത്തേരിയിലുണ്ടെന്ന് കണ്ടെത്തിയത്. വൈകിട്ട് മൂന്നരയോടെ കെഎസ്ആർടിസി ബസ് മുള്ളൻകൊല്ലി വഴി പോയതായി കണ്ടെന്ന് നാട്ടുകാരും പോലീസിനെ അറിയിച്ചിരുന്നു. അതും തിരച്ചിലിന് നിർണായകമായി. യഥാർത്ഥത്തിൽ പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ്സാണ് വഴിമാറി സഞ്ചരിച്ചത്.