ആലുവയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സംഘർഷം. സമയക്രമത്തെച്ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. രാവിലെ ഏഴേമുക്കാലോടെ ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങിയിരുന്നു. തർക്കം മൂർച്ഛിച്ചതോടെ ഒരു ബസ് മറ്റേ ബസിന് കുറുകെയിട്ട് ജീവനക്കാരൻ ബസിൻ്റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുതകർത്തു. ആലുവ പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളാണിത്. ബസ് ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാർക്കറ്റ് റോഡിൽ ഏറെ നേരം ഗതാഗതതടസവും ഉണ്ടായി.
