കോട്ടയം: കോട്ടയം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മരണാഞ്ജലിയിൽ മന്ത്രിയും ജില്ലയിലെ എംഎൽഎമാരും അടക്കമുള്ളവർ അദ്ദേഹവുമായുള്ള അനുഭവങ്ങൾ പങ്ക് വച്ചു.
മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ള ജില്ലയിലെ നിയമസഭാ സാമാജികരും മാധ്യമപ്രവർത്തകരുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമൊത്തുള്ള അനുഭവമുഹൂർത്തങ്ങൾ പങ്കു വച്ചത്. എതിർചേരിയിൽ ആയിരിക്കുമ്പോഴും ഊഷ്മളമായ സ്നേഹവും സൗഹൃദവുമാണ് ഉമ്മൻ ചാണ്ടിയുമായി പുലർത്തിയിരുന്നത് മന്ത്രി വി.എൻ. വാസവൻ ഓർമ്മിച്ചു. കോൺഗ്രസിൻ്റെ സൗമ്യമുഖമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായി വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കാലം മുതൽ തുടങ്ങിയ സൗഹൃദം അദ്ദേഹത്തിൻ്റെ അവസാനശ്വാസം വരെ നിലനിർത്തുവാൻ കഴിഞ്ഞ കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണനും അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുപ്രധാനമായ മൂന്നു വകുപ്പുകൾ തന്നെ ഏൽപ്പിച്ചത് അദ്ദേഹം തന്നെ ഏൽപിച്ച വിശ്വാസത്തിൻ്റെ പ്രതിഫലനമായിരുന്നുവെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി എന്ന സ്നേഹനിധിയായ പിതാവിൻ്റെ ഓർമ്മകൾ മകൻ ചാണ്ടി ഉമ്മനും പങ്കുവെച്ചു. ചെറുപ്പകാലത്തെ തന്റെ ചില കുറുമ്പുകളേയും വികൃതികളേയും പിതാവിന്റെ സ്നേഹവാത്സല്യത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, മുതിർന്ന മാധ്യമ പ്രവർത്തകൻ വി. ജയകുമാർ, പ്രശസ്ത ഫോട്ടോഗ്രാഫർ ചിത്ര കൃഷ്ണൻ കുട്ടി എന്നിവരും ഓർമ്മകൾ പങ്കു വച്ചു. ചടങ്ങിൽ ചിത്ര കൃഷ്ണൻ പകർത്തിയ ഉമ്മൻ ചാണ്ടിയുടെ അപൂർവ്വചിത്രം മകൻ ചാണ്ടി ഉമ്മന് സമ്മാനിച്ചു. ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹവുമായുള്ള അനുഭവങ്ങൾ മന്ത്രി വി.എൻ വാസവനും ജില്ലയിലെ നിയമസഭാ സാമാജികരും പങ്കുവെച്ചത്.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം ജിബിൻ കുര്യൻ, എസ്. ശ്യാംകുമാർ എന്നിവരും സംസാരിച്ചു.












































































