സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയാകും. മന്ത്രിയായി സജി ചെറിയാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവനിൽ ആണ് സത്യപ്രതിജ്ഞ. ഫിഷറീസ്, യുവജനക്ഷേമം, സാംസ്കാരികം എന്നീ വകുപ്പുകൾ ആയിരുന്നു സജി ചെറിയാന് നേരത്തെ നൽകിയിരുന്നത്. ഫിഷറീസ് ഇപ്പോൾ വി അബ്ദുറഹ്മാനും, സാംസ്കാരികം വി എൻ വാസവനും, യുവജനക്ഷേമം പി എ മുഹമ്മദ് റിയാസിനും നൽകിയിരിക്കുകയാണ്. ഈ വകുപ്പുകൾ തന്നെ സജി ചെറിയാന് തിരികെ ലഭിച്ചേക്കും. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാൻ അഞ്ചുമാസത്തിനുശേഷമാണ് തിരികെ എത്തുന്നത്. ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഗവർണർ വിയോജിപ്പ് അറിയിച്ചുകൊണ്ട് ഭരണഘടനപരമായ ബാധ്യത എന്ന നിലയിലാണ് സത്യപ്രതിജ്ഞക്ക് അനുവാദം നൽകിയത്. അതേസമയം സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും. യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്.
