തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പുനിറത്തിൽ.രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർ എത്തിയത്. പതിവുപോലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു. ചോദ്യം കണ്ടപ്പോഴേ അധ്യാപകർ ഞെട്ടി. തിരിച്ചും മറിച്ചും കണ്ണ് തിരുമ്മിയുമൊക്കെ നോക്കി. അക്ഷരങ്ങൾ അച്ചടിച്ചിരിക്കുന്നത് കറുപ്പിലല്ല, പകരം ചുവപ്പ് മഷിയിൽ.അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ചോദ്യപേപ്പർ കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികളിലും ഈ ഞെട്ടൽ ആവർത്തിച്ചു. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ പരീക്ഷണം. വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിൻ്റ് ചെയ്തിരിക്കുന്നു. വെറൈറ്റി ആണെങ്കിലും നിറംമാറ്റം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുട്ടികൾ പറയുന്നത്.എന്നാൽ ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ കാര്യമായ മറുപടി ഒന്നും ലഭിച്ചില്ല. പകരം ചുവപ്പിനെന്താണ് കുഴപ്പമെന്നും അതൊരു പ്രശ്നമായിട്ട് എടുക്കേണ്ട എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
