എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു നാളെ പത്തനംതിട്ടയിൽ തുടക്കമാകും. നാളെ മുതൽ 14 വരെയാണു ജാഥ.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയാണു ക്യാപ്റ്റൻ.
നാളെ ഉച്ചകഴിഞ്ഞു 3നു പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്ച്‌ച നാലുമണിക്ക് ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാൻഡിൽ വമ്പിച്ച സ്വീകരണവും പൊതുസമ്മേളനവും നടത്തും. തുടർന്ന് കോട്ടയം തിരുനക്കര മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.
എട്ടാം തീയതി ഞായറാഴ്‌ച കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹനേതാക്കളും, കോട്ടയത്തെയും പരിസര നിയോജക മണ്ഡലത്തിൽപ്പെട്ട, സമൂഹത്തിലെ വിവിധ ശ്രേണി യിൽപ്പെട്ട പൗരപ്രമുഖരും, തൊഴിലാളികളും, കൃഷിക്കാരും ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങ ളുമായി മുഖാമുഖം പരിപാടി നടത്തും. 9.30ന് നേതാക്കൾ പത്രപ്രവർത്തകരുമായി സംവദിച്ചതിനുശേഷം 10.30ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ടൗണിൽ നടക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ സ്വീകരണം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടക്കും. തുടർന്ന് നാലുമണിക്ക് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ സ്വീകരണം കുറവലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടക്കും.
അതിനുശേഷം അഞ്ചുമണിക്ക് വൈക്കം നിയോജക മണ്ഡലത്തിൽ, വൈക്കം ബോട്ടുജെട്ടി മൈതാനത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ സമാപിക്കും. ഒമ്പതാം തീയതി രാവിലെ 8.30 മുതൽ 9.30 വരെ പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുമുള്ളവരുമായി സംവദിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും. തുടർന്ന് പത്രസമ്മേളനത്തിനുശേഷം 10 മണിക്ക് പാലായിലെ സ്വീകരണത്തിൽ പങ്കെടുക്കും. പാലാ കുരിശുപള്ളി കവലയിൽ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകരിച്ച ആനയിച്ച് പാലാ മഹാറാണി തീയേറ്റർ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ജാഥയ്ക്ക് വമ്പിച്ച സ്വീകരണവും, സമ്മേളനവും നടത്തും. അന്നേദിവസം 11.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്വീകരണം പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്വീകരണവും സമ്മേളനവും മുണ്ടക്കയം പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും.
കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിലും പതിനായിരത്തിൽ കുറയാത്ത ആളുകളെ പങ്കെടുപ്പിക്കും. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടുന്ന വലിയ ജനാവലി അണിനിരക്കും. വാദ്യഘോഷങ്ങളും, കലാരൂപങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകും. ജില്ലയിലെ നിയോജകമണ്ഡല ആസ്ഥാനങ്ങളിൽ നടക്കുന്ന സ്വീകരണങ്ങളിലും, സമ്മേളനങ്ങളിലും മന്ത്രി വി.എൻ വാസവൻ, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സി.കെ. ആശ എം.എൽ.എ, ഉൾപ്പെടെയുള്ള മറ്റു എൽ.ഡി.എഫ് നേതാക്കളും നേതൃത്വം നൽകും.
14ന് എറണാകുളത്താണു സമാപനം.














































































