മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു. വനിതാ ലീഗ് പ്രവര്‍ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ സയ്യിദ് അലി മജീദ് ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.
മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പ്രസംഗം. സയ്യിദ് അലി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ പൊതുസമൂഹത്തിൽ കൊണ്ടുവന്നു എന്നാണ് സ്വീകരണയോഗത്തില്‍ സയ്യിദ് അലി മജീദ് പ്രസംഗിച്ചത്.















































































