ഇടുക്കി: ശാന്തൻപാറ ചിന്നക്കനാൽ മേഖലകളിലെ അക്രമണകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടിവയ്ക്കുന്നത് വൈകും. ഒരാഴ്ചയിലേറെ സമയമെടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആനയെ പാർപ്പിക്കാനുള്ള കൂട് നിർമിച്ചു കഴിഞ്ഞാൽ മാത്രമേ പിടികൂടാനുള്ള നടപടിയിലേക്ക് കടക്കാൻ കഴിയൂ എന്നാണ് വിശദീകരണം. എറണാകുളം കോടനാട് ഉള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെയാണ് കൂട് നിർമ്മിക്കുക. കൂട് നിർമിക്കാൻ 130 ഓളം യൂക്കാലി മരത്തടികൾ മുറിക്കണം. ദേവികുളത്ത് മുറിക്കാൻ ഉദ്ദേശിക്കുന്ന മരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം അടയാളപ്പെടുത്തി കഴിഞ്ഞു. ഇനി ടെൻഡർ നടപടികൾ പൂർത്തിയായാൽ മാത്രമേ മരം വെട്ടാൻ കഴിയൂ. ഇതിന് ഒരാഴ്ചയെങ്കിലും സമയം വേണ്ടിവരും.
