തൃശൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണനെതിരെ തെളിവ് ഹാജരാക്കാമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് എംകെ കണ്ണൻ തുക കൈമാറി. ഒന്നരക്കോടി മാറിയതിന് തെളിവുണ്ടെന്നും പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാറാണെന്നും അനിൽ അക്കരെ പറഞ്ഞു. ഡിവൈഎഫ്ഐ നേതാവിൻ്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ തൃശൂരിൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണനെതിരേയും ഏസി മൊയ്തീനെതിരേയുമാണ് ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ ശബ്ദരേഖയിൽ വിമർശനമുണ്ടായിരുന്നത്. ഇരുവരുടേയും സ്വത്തുമായി ബന്ധപ്പെട്ട വിമർശനം ഏറ്റെടുക്കുകയാണ് കോൺഗ്രസും ബിജെപിയും.
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്ന ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ വ്യക്തമാക്കി. അതെങ്ങനെ പുറത്തു പോയി എന്നെനിക്കറിയില്ലെനന്ന് നിബിൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ്. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത്. ഫോണിലാണോ റെക്കോർഡ് ആണോ എന്നെനിക്കറിയില്ല. ഞാനും ശരത്തും തമ്മിലാണ് സംസാരിച്ചത്. ശരത്തുമായുള്ള സംഭാഷണത്തിൽ കേൾവിക്കാരൻ മാത്രമായിരുന്നു താൻ. അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ശരത്താണ്. കണ്ണനെപ്പറ്റിയും മൊയ്തീനെ പറ്റിയും വെളിപ്പെടുത്തൽ നടത്തിയത് ശരത്താണ്. എംകെ കണ്ണന്റെ ചരിത്രം അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. എംകെ കണ്ണിന്റെ തൊഴിലിനെ മോശമാക്കി സംസാരിച്ചത് ശരത്താണെന്നും നിബിൻ പറഞ്ഞു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ടും സിപിഎം നേതാക്കളുടെ നിലവിലെ അവസ്ഥ വച്ചിട്ടുമാണ് ശരത്ത് സംസാരിച്ചത്. ഞാനൊരു നേതാക്കളെയും മോശമാക്കി സംസാരിച്ചിട്ടില്ല. അഴിമതി സംസാരിച്ചതിനാണ് സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയത്. ഗുരുതരമായ ആരോപണം ശരത്തിന്റെ ഭാഗത്തുനിന്ന് പുറത്തുവരുമ്പോൾ ശരീത്തിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക. ഞങ്ങൾ തമ്മിലുള്ള സംസാരം ആരു റെക്കോർഡ് ചെയ്തു എന്നെനിക്കറിയില്ല. സംസാരം കൃത്യമാണ്. ശരത്ത് പറഞ്ഞതു മുഴുവൻ എന്നോട് പറഞ്ഞതാണ്. ശബ്ദരേഖ പുറത്തുവിട്ടത് താനല്ല. പുറത്തുവിടാൻ ആയിരുന്നെങ്കിൽ നേരത്തെ തന്നെ പുറത്തു വിടാമായിരുന്നു.