മലപ്പുറം: മലപ്പുറത്തെ തിരുനാവായതീരത്ത് ജനവരി 18 മുതല്‍ നടത്താന്‍ തീരുമാനിച്ച മഹാകുംഭമേള മഹോത്സവം നേരത്തെ നിശ്ചയിച്ച തീരുമാനപ്രകാരം നടക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ടീച്ചര്‍.
തിരുനാവായില്‍ ഭാരതപ്പുഴ തീരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മാഘമഹോത്സവം തടയാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ശശികലടീച്ചര്‍ ആരോപിച്ചു.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ മഹാകുംഭമേള നേരത്തെ നിശയിച്ച പോലെ നടക്കുമെന്നും ശശികല ടീച്ചര്‍ പറയുന്നു. അത് ഹൈന്ദവ നിശ്ചയമാണെന്നും ഒരു പിണറായി സര്‍ക്കാരിനും അതിനെ തടയാന്‍ കഴിയില്ലെന്നും ശശികലടീച്ചര്‍ പറഞ്ഞു.
അതുവരെ ഒരു എതിര്‍പ്പും പറയാതിരുന്ന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൊടുന്നനെയാണ് പൊലീസും റവന്യൂഉദ്യോഗസ്ഥരും എത്തി ഈ അനധികൃതനിര്‍മ്മാണങ്ങള്‍ പാടില്ലെന്ന് ജനുവരി 13ന് വിലക്കിയിരിക്കുന്നത്. അതുവരെ മാസങ്ങളായി ഇവിടെ മഹാകുംഭമേള ഉത്സവത്തിന്റെ ഭാഗമായി ഒരുക്കങ്ങള്‍ നടന്നുവരുന്നത് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഏതോ ഗൂഢ അജണ്ട നടപ്പാക്കാനാണ് പിണറായിയുടെ പൊലീസ് എത്തിയത്.
മലപ്പുറത്തെ തിരുനാവായില്‍ ജനുവരി 18 മുതല്‍ തുടങ്ങാനിരുന്ന മഹാകുംഭമേളയെ തടയാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുസമ്മേളനമായ മഹാകുംഭമേള എന്ത് വിലകൊടുത്തും നടത്തുമെന്ന് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ആനന്ദവനം ഭാരതി അഭിപ്രായപ്പെട്ടിരുന്നു.















































































