വിജയ് സിനിമയായ ജനനായകന്റെ റിലീസ് പ്രതിസന്ധിയില്‍. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കള്‍ നല്‍കിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ ഒമ്പതിലേക്കു മാറ്റി.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരമുണ്ടെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉണ്ടെന്നും വിദഗ്ധർ കാണണമെന്നുമാണ് ബോർഡിന്റെ വിശദീകരണം. സിനിമയില്‍ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കി. ഒമ്പതിനു നിശ്ചയിച്ച റിലീസ് 10ലേക്കു മാറ്റുന്നതില്‍ എതിർപ്പുണ്ടോയെന്നും കോടതി ചോദിച്ചു.
500 കോടി രൂപ ചെലവില്‍ നിർമിച്ച ചിത്രം 5000 തീയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നീക്കം. അതേസമയം ചില തീയറ്ററുകളില്‍ മുൻകൂർ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.














































































