ബന്ധുക്കള്‍ക്കൊപ്പം എത്തി ആഴിമല കടല്‍ തീരത്തെ പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിയേറ്റ് കടലില്‍ വീണ യുവാവ് മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയില്‍ അനീഷ്(45) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.
പത്തനംതിട്ട മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുള്‍പ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു.
ഇടയാറൻമുളയിനിന്നും തിരിച്ച് തിരിച്ചെന്തൂർ കന്യാകുമാരി വഴി പത്മനാഭസ്വാമി ക്ഷേത്ര ദർശന ശേഷം ഉച്ച കഴിഞ്ഞാണ് സംഘം ആഴിമലയില്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘത്തിലെ അനീഷ് പാറപ്പുറത്ത് കയറി സെല്‍ഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വീശിയടിച്ച തിരയില്‍പ്പെട്ടു കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.













































































