കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിനെ പരിഹസിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. 'കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടന്നു', എന്നായിരുന്നു പരിഹാസം. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തിലിരുന്നയാളാണ് കാലിക്കറ്റ് വി സി പി രവീന്ദ്രനാഥ്.
ഗവര്‍ണറുടെ നോമിനിയായാണ് രവീന്ദ്രനാഥ് സര്‍വകലാശാലയുടെ വി സിയായി നിയമിക്കപ്പെട്ടത്. എന്നാല്‍ വി സി കോണ്‍ഗ്രസ് പാരമ്പര്യം അവസാനിച്ച് ഗവര്‍ണറുടെ പാരമ്പര്യത്തിലേക്ക് പോയെന്നുള്ള ആരോപണം ഉയരുന്നതിനിടെയാണ് സ്റ്റാറ്റസ് വിഷയം ചർച്ചയായിരിക്കുന്നത്. വി സിയുടെ സ്റ്റാറ്റസ് സര്‍വകലാശാലയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറായിരുന്നു പണിമുടക്ക്. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്ക് നടത്തിയത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തിയത്.
തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ റദ്ദാക്കണമെന്നായിരുന്നു പണിമുടക്കിന്റെ പ്രധാന ആവശ്യം. തൊഴില്‍സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.