സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിൻ്റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിൻ്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിൻ്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.














































































