മലപ്പുറം ആതവനാട് ഊരോത്തുംപള്ളിയാലില്‍ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ജീവനക്കാരനായ മുസ്തഫയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർ ജാഫർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
65 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്ന് ലോറി ഉയർത്താനുള്ള ആദ്യ നാല് ശ്രമങ്ങളും പരാജയപ്പെട്ടു. അഞ്ചാം ശ്രമത്തിലാണ് ഫയർഫോഴ്‌സിനും സ്‌കൂബ ഡൈവിങ് സംഘത്തിനും വിജയിക്കാനായത്. ലോറി കരയ്‌ക്കെത്തിച്ച ശേഷം ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്. ലോറി ക്വാറിയിലേക്ക് മറിയുന്നതിനിടെ പുറത്തേക്ക് ചാടിയ ഡ്രൈവർ ജാഫറിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി ക്വാറിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ലോറി ക്വാറിക്ക് സമീപത്തെ വഴിയിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തിരൂരില്‍ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.












































































